കൊല്ലം: കര്‍ക്കടക വാവു ബലിയോടനുബന്ധിച്ച് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകുന്നേരം മുതല്‍ ബലിതര്‍പ്പണം അവസാനിക്കുന്നതുവരെ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
ബലിതര്‍പ്പണത്തിനായി തിരുല്ലവാരം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കായി പ്രൈവറ്റ്, കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ കൊല്ലം കളക്ടറേറ്റ് - കാങ്കത്തുമുക്ക് - വെള്ളയിട്ടമ്പലം വഴി സര്‍വീസ് നടത്തേണ്ടതാണ്. ചിന്നക്കടയില്നിന്നു വരുന്ന വാഹനങ്ങള്‍ കാങ്കത്ത് മുക്കില്‍ സണ്‍ ബേ ഓഡിറ്റോറിയം മുതല്‍ നെല്ലിമുക്ക് ഭാഗം വരെ വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്. ചവറ ഭാഗത്തുനിന്നു കൊല്ലത്തേക്ക് വരുന്ന വാഹനങ്ങള്‍ മുളങ്കാടകം ക്ഷേത്ര കവാടത്തിനു വടക്ക് ഭാഗം മുതല്‍ മുളങ്കാടകം സ്കൂളിന്റെ ഭാഗം വരെ വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്. ഈ റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.
തെക്കേ കച്ചേരി - മുണ്ടാലുംമൂട്- വെള്ളയിട്ടമ്പലം റൂട്ടില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുള്ളതാണ്. ബലിതര്‍പ്പണത്തിനായി ഭക്തജനങ്ങളുമായി വരുന്ന ടൂവീലര്‍, ഓട്ടോറിക്ഷാ മറ്റ് പ്രൈവറ്റ് വാഹനങ്ങള്‍ എന്നിവ തെക്കേ കച്ചേരി, വെള്ളയിട്ടമ്പലം എന്നീ ജംഗ്ഷനുകളില്‍ യാത്രക്കാരെ ഇറക്കിയ ശേഷം പൊലീസിന്റെ നിര്‍ദേശപ്രകാരം സെന്റ് അലോഷ്യസ്, ഇന്‍ഫന്റ് ജീസസ്, ട്രിനിറ്റി ലൈസിയം, കൊല്ലം ബോയ്സ്, കൊല്ലം ഗേള്‍സ്, ടൗണ്‍ യുപിഎസ്, മുളങ്കാടകം എന്നീ സ്കൂള്‍ ഗ്രൗണ്ടുകളിലോ മുളങ്കാടകം ക്ഷേത്ര ഗ്രൗണ്ട്, തങ്കശേരി ബസ് ബേ എന്നിവിടങ്ങളിലോ പാര്‍ക്കു ചെയ്യേണ്ടതും തിരികെ പാര്‍ക്കിംഗ് സ്ഥലത്ത് എത്തിച്ചേര്‍ന്ന് വാഹനത്തില്‍ കയറി പോകേണ്ടതുമാണ്.
യാതൊരു കാരണവശാലും ടൂവീലറുകള്‍ക്ക് മുണ്ടാലുംമൂട്- തിരുമുല്ലാവാരം ഭാഗത്തേയ്ക്കും നിയന്ത്രണങ്ങള്‍ പാലിക്കേണ്ട മറ്റ് റോഡുകളിലേക്കും പ്രവേശനം അനുവദിക്കുന്നതല്ല.
നാഷണല്‍ ഹൈവേയുടേയോ മറ്റ് പ്രധാന റോഡുകളുടേയോ വശങ്ങളില് യാതൊരു കാരണവശാലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.
തിരുവനന്തപുരത്ത് നിന്നു ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങളും പരമാവധി ചെറിയ വാഹനങ്ങളും മേവറത്ത്നിന്നു തിരിഞ്ഞ് ബൈപാസ് വഴി പോകേണ്ടതും ആലപ്പുഴയിൽ നിന്നു തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കാവനാട് ബൈപാസ് വഴിയും പോകേണ്ടതാണ്.
തിരുമുല്ലവാരം പ്രദേശവാസികള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ വാഹനങ്ങള്‍ ഉപയോഗിക്കാവു. ആവശ്യമാകുന്ന പക്ഷം സമാന്തര റോഡുകള്‍ ഉപയോഗിക്കേണ്ടതുമാണ്.
ഇക്കൊല്ലത്തെ ബലിതര്‍പ്പണത്തിനു എത്തുന്ന ഭക്തജനങ്ങളും, അന്നദാനം നടത്തുന്ന സന്നദ്ധ സംഘടനകളും പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കേണ്ടതാണ്.
നെറ്റ് വര്‍ക്കിലെ തകരാര്‍ മൂലം യുപിഐ ഇടപാടില്‍ ഉണ്ടാകാവുന്ന കാലതാമസം വഴി ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നില്‍ രൂപപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തജനങ്ങള്‍ക്ക് കാഷ് ഉപയോഗിച്ച് ബലിതര്‍പ്പണത്തിനുള്ള രസീതുകള്‍ കൈപ്പറ്റേണ്ടതാണ്.
ഹരിതചട്ടം കര്‍ശനമായി പാലിക്കണം
കൊല്ലം: കര്‍ക്കടക വാവുബലി ആചരണത്തോടനുബന്ധിച്ച് ജില്ലയിലെ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ചടങ്ങുകള്‍ കര്‍ശനമായി ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിക്കണം.
ബലിതര്‍പ്പണത്തിന് ശേഷം പൂജാസാമഗ്രികള്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ നദികളിലോ കടലിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയരുത്. ഇവ അതത് കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള മാലിന്യശേഖരണ സംവിധാനങ്ങളില്‍ മാത്രം നിക്ഷേപിക്കണം.
ഹരിതചട്ടം നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.